
ന്യൂയോർക്ക്: യു.എസ്. മുൻ സേനാംഗം റോബേർട്ട് ജെ. ഒ നീൽ കഞ്ചാവ് കമ്പനി ആരംഭിച്ചു. ഒസാമ ബിൻ ലാദനെ വധിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്ന റോബേർട്ട് ജെ. ഒ നീൽ, താനാണ് ലാദനെ വധിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, കഞ്ചാവ് കമ്പനി ആരംഭിച്ചതോടെയാണ് നീൽ വീണ്ടും വാർത്തകളിൽ നിറയുന്നത്. 'ഓപ്പറേറ്റർ കന്ന കോ' എന്നാണ് നീലിന്റെ കഞ്ചാവ് കമ്പനിയുടെ പേര്.
ന്യൂയോർക്ക് നഗരത്തിൽ സ്റ്റേറ്റ് ലൈസൻസുള്ള മരിഹ്വാന ബ്രാൻഡ് പ്രവർത്തിപ്പിക്കാനാണ് നീലിന് അനുമതി ലഭിച്ചിരിക്കുന്നത്. കമ്പനിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ശാരീരിക അവശതകൾ നേരിടുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നാണ് നീൽ വ്യക്തമാക്കുന്നത്. സൈനിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഓപ്പറേറ്റർ എന്ന പേരാണ് നീൽ തന്റെ കമ്പനിക്ക് നൽകിയിരിക്കുന്നത്.
നീലിന്റെ ഓർമ്മ പുസ്കത്തിനും പോഡ്കാസ്റ്റിനും ഇതേ പേരാണ് നൽകിയിട്ടുള്ളത്. കഞ്ചാവിന് കർശന നിരോധനമുണ്ടായിരുന്നതിനാൽ സൈന്യത്തിൽ സേവനം അനുഷ്ടിക്കുന്ന കാലത്ത് താൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും നീൽ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ പോലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിരമിച്ച സേന അംഗങ്ങൾ സാധാരണയായി ആശ്രയിക്കുന്നത് മദ്യവും ഒപിയവും പോലുള്ള ശരീരത്തിന് ഹാനികരമായ വസ്തുക്കളാണ്. ഇതിൽ നിന്ന് മുക്തി നേടാൻ തന്റെ ഉത്പന്നങ്ങൾ സഹായിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ് പേജിൽ പറയുന്നു.











